
സോച്ഛാധിപത്യത്തിന്റെയും ദാർഷ്ട്യത്തിന്റെയും പ്രതീകമായാണ് ടി എം സി നേതാവ് മമത ബാനർജി അറിയപ്പെട്ടിരുന്നത്. കമ്മ്യുണിസ്റ്റ് പാർട്ടിയെ തകർത്തെറിഞ്ഞാണ് പതിനഞ്ചുവർഷം അവർ മുഖ്യമന്ത്രിയായി ബംഗാൾ ഭരിച്ചത്. പൊള്ളയായ വാഗ്ദാനങ്ങളല്ലാതെ എടുത്തുപറയത്തക്ക വികസനങ്ങളൊന്നും മമതയുടെ ഭരണകാലത്ത് ബംഗാളിൽ ഉണ്ടായിട്ടില്ല എന്നാണ് ആ നാട്ടുകാർ തന്നെ പറയുന്നത്. ബഗ്ലാദേശിൽ നിന്ന് കുടിയേറിയവരായിരുന്നു മമതയുടെ പ്രധാന വോട്ടുബാങ്ക്. പരുക്കൻ വാക്കുകൾ പതിവായി ഉപയോഗിച്ചിരുന്ന മമത, കേന്ദ്ര ഗവണ്മെന്റുമായി ഏറ്റുമുട്ടാനാണ് ഏറെ സമയവും വിനിയോഗിച്ചത്. അതിനിടയിൽ വികസന സ്വപ്‌നങ്ങൾ എവിടെയോ ഒഴുകിപ്പോയി. തന്റെ സഹായിയായിരുന്ന സുവേന്ദു അധികാരി ബിജെപിയിൽ ചേരുകയും അവിടെ നായകസ്ഥാനം വഹിക്കുകയും ചെയ്തതോടെയാണ് മമതയ്‌ക്ക് ശക്തനായ ഒരു പ്രതിയോഗി ഉണ്ടായത്. മൂന്നിൽ നിന്ന് എഴുപത്തേഴു സീറ്റിലെത്തിയ ബിജെപി 2021ൽ തന്നെ ദ്രുതവളർച്ചയുടെ സൂചനകൾ കാണിച്ചിരുന്നു. സുവേന്ദു അധികാരി പ്രതിപക്ഷ നേതാവായി. എസ് ഐ ആറാണ് മമതയുടെ വോട്ടുബാങ്ക് ദുർബലമാക്കിയത്.ഭവാനിപ്പുരിൽ തനിക്കെതിരെ മത്സരിക്കാൻ മമത സുവേന്ദുവിനെ വെല്ലുവിളിച്ചു. അദ്ദേഹം ആ വെല്ലുവിളി സ്വീകരിച്ചു. 15105 വോട്ടുകൾക്കാണ് സുവേന്ദു മമതയെ തോല്പിച്ചത്. നന്ദിഗ്രാമിലും അദ്ദേഹം 9665 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. മമത ബാനർജിയും ടിഎംസിയും ഇത്തവണ ബംഗാളിലുണ്ടായ താമരത്തള്ളലിൽ ഒളിച്ചുപോയി. ബിജെപി 207 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചപ്പോൾ മമതയുടെ ടി എം സി 294 അംഗ നിയമസഭയിൽ 80 സീറ്റുകളിലൊതുങ്ങി. കോൺഗ്രസിന് ലഭിച്ചത് രണ്ടു സീറ്റുകളും മൂന്നര പതിറ്റാണ്ട് ബംഗാൾ ഭരിച്ച സിപിഎമ്മിന് കിട്ടിയത് കേവലം ഒരു സീറ്റുമാണ്. പരാജയം അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന മമത മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചില്ല. ഗവർണർ ആർ ആർ രവി ഉചിതമായ നടപടികളിലൂടെ ആ പ്രശ്നങ്ങൾ പരിഹരിച്ചു. ബിജെപിയുടെ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി, അമിത് ഷാ, എൻ ഡിഎ മുഖ്യമന്ത്രിമാർ, മറ്റു ബിജെപി നേതാക്കൾ, സാംസ്‌കാരിക പ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പ്രൗഡഗംഭീരമായിരുന്നു സത്യ പ്രതിജ്ഞ ചടങ്ങ്. ഇന്ന് രവീന്ദ്ര നാഥ ടാഗോറിന്റെ ജന്മദിനമാണ്. ആ മഹാത്മാവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്. ബംഗാൾ ഭരണം സാംസ്‌കാരികമായി മാറുന്നതിന്റെ സൂചനകൾ ചടങ്ങിൽ പ്രകടമായിരുന്നു. തമിഴ്നാട്ടിൽ സിനിമയുടെ ഗ്ലാമർലോകം വിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങിയ ദളപതി വിജയ് ആണ് ഡി എം കെയെ ഭരണത്തിൽ നിന്ന് തൂത്തെറിഞ്ഞത്. കുളത്തുരിൽ വിജയിന്റെ ടിവികെ സ്ഥാനാർത്ഥിയോട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പരാജയപ്പെടാനിടയായത് രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചിരുന്നു. 234 അംഗ തമിഴ്നാട് നിയമസഭയിൽ 108 സീറ്റുകളോടെ വിജയിന്റെ ടി വി കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ ഡി എം കെ മുന്നണി 73 സീറ്റുകളിലും അണ്ണാ ഡിഎംകെ മുന്നണി 53 സീറ്റുകളിലും ഒതുങ്ങി. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നതായിരുന്നു വിജയിന്റെ ടിവികെ അഭിമുഖീകരിച്ച പ്രശ്നം. കോൺഗ്രസ്സ്, ഇടതുപക്ഷകക്ഷികൾ, വിസി കെ, മുസ്ലിംലീഗ് എന്നീ പാർട്ടികൾ പിന്തുണ വാഗ്ദാനം ചെയ്തതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. കൂട്ടത്തിൽ രണ്ടു പാർട്ടികളുടെ പിന്തുണക്കത്ത് കിട്ടാത്തതുകൊണ്ടാണ് വിജയിന്റെ സത്യപ്രതിജ്ഞ നിശ്ചയിക്കാൻ ഗവർണർ വൈകുന്നത്. ആ കത്തുകൾ കൂടി കിട്ടിക്കഴിഞ്ഞാൽ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വിജയിന്റെ അനേകായിരം ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ആ ശുഭമുഹൂർത്തത്തിനാണ്. കേരളത്തിൽ ഇത്തവണ യുഡിഎഫിന് ഉജ്ജ്വലവിജയം നേടിക്കൊടുത്തത് നിലപാടുകളുടെ രാജകുമാരനായ പ്രതിപക്ഷനേതാവ് വി ഡി സതീശനാണെന്നതിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. യു ഡി എഫിന് ഇത്തവണ ഭരണം ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറയാനുള്ള ചങ്കുറപ്പ് പ്രകടിപ്പിച്ചിട്ടുള്ള ആളാണ് സതീശൻ. നൂറിലേറെ സീറ്റുകൾ നേടുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ആവർത്തിച്ചു ആത്മവിശ്വാസത്തോടെ പറഞ്ഞിട്ടുണ്ട് അദ്ദേഹം. പിണറായി നയിച്ച എൽ ഡി എഫിനെ 35 സീറ്റിലൊതുക്കിയ സതീശൻ യു ഡി എഫിന് നേടിക്കൊടുത്തത് 102 സീറ്റുകളാണ്. കോൺഗ്രസിന് മാത്രം 63 സീറ്റുകൾ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹൈക്കമാ ണ്ടിന്റെ ഭാഗമായ കെ സി വേണുഗോപാലും കോൺഗ്രസ്സിന്റെ വിജയത്തിൽ പങ്കാളികളാണ് എന്നതിൽ തർക്കമില്ല. പക്ഷെ മുൻതൂക്കം വി ഡി സതീശനാണ്. പൊതുവികാരം അദ്ദേഹത്തിനാണ് അനുകൂലം. അത്തരം സാഹചര്യത്തിൽ സതീശനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാണ്ട് രണ്ടുതവണ ആലോചിക്കാനേ പാടില്ല. രമേശ് ചെന്നിത്തലയും വേണുഗോപാലും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദ മുന്നയിക്കുന്നത് ഖേദകരമാണ്. ഇതുവരെ മുഖ്യമന്ത്രിയാകാൻ കഴിയാതെ പോയ മുതിർന്ന നേതാവ് എന്ന പരിഗണന ചെന്നിത്തലയ്‌ക്ക് നൽകാം. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുകപോലും ചെയ്യാത്ത വേണുഗോപാലിന്റെ അവകാശ വാദത്തിന്റെ ഔചിത്യമെന്താണ്? കൂടുതൽ എംഎൽഎമാരുടെ പിന്തുണ സാങ്കേതികമായി നോക്കിയാൽ അദ്ദേഹത്തിനായിരിക്കാം. കാരണം ഹൈക്കമാണ്ടിന്റെ ഭാഗമായി നിന്നുകൊണ്ട് പലർക്കും മത്സരിക്കാൻ സീറ്റുകൊടുത്തത് അദ്ദേഹമാണല്ലോ. അതിന്റെ പ്രതിഫലം ചോദിക്കുകയാണോ കെ സി വേണുഗോപാൽ? എങ്കിൽ അത് ജനങ്ങളോട് ചെയ്യുന്ന ചതിയാണ്. വി ഡി സതീശന് കേരളത്തിന്റെ ചുമതലയേ ഉണ്ടായിരുന്നുള്ളൂ. അത് അദ്ദേഹം ഭംഗിയായി നിറവേറ്റി. കോൺഗ്രസ്സിന്റെ ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയിൽ തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളുടെയും ചുമതല വേണുഗോപാലിന് ഉണ്ടായിരുന്നു. ആസ്സാം, ബംഗാൾ, തമിഴ്നാട്, പുതുശ്ശേരി എന്നീ സംസ്ഥാനങ്ങളിൽ ദയനീയ പരാജയമാണ് കോൺഗ്രസ്സ് ഏറ്റുവാങ്ങിയത്. ആ പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടി കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ കരുനീക്കുകയാണോ അദ്ദേഹം. ഡൽഹിയിൽ ചർച്ചകൾ നടക്കുകയാണല്ലോ. താല്പര്യങ്ങളും സൗഹൃദവും മാറ്റിവെച്ച് എത്രയും വേഗം സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം നടത്തുകയാണ് സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ചെയ്യേണ്ടത്.
Photo Courtesy - Google










